ജീ.എം റബ്ബര്‍ – അനുഗ്രഹമോ അപകടമോ?

ഫെബ്രുവരി 6, 2011 at 11:17 am (ജി.എം.വിളകള്‍, പരിസ്ഥിതി, Genetic Engineering) ()

Advertisements

പെർമാലിങ്ക് 3അഭിപ്രായങ്ങള്‍

ജനിതകമാറ്റം വരുത്തിയ വഴുതന

ജൂണ്‍ 3, 2006 at 6:09 am (Genetic Engineering)

"ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിള വിത്തുകൾക്ക്‌ അംഗീകാരം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുന്ന കാര്യം നിങ്ങൾക്ക്‌ അറിവുണ്ടാകുമല്ലോ. ഇതിൽ ആദ്യം അംഗീകാരം നൽകുന്നത്‌ ജനിതകമാറ്റം വരുത്തിയ വഴുതനങ്ങക്കാണ്‌. ലോകത്തുതന്നെ Bt-Brinjal ന്‌ അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാണ്‌ ഇന്ത്യ. ഭക്ഷ്യ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും പരിസ്ഥിതിക്കും അങ്ങേയറ്റം പ്രത്യാഘാതം സൃഷ്ടിക്കുവാൻ കഴിവുള്ള അപകടം പിടിച്ച ഒരു സാങ്കേതികവിദ്യയാണിത്‌. ആഗോളീകരണത്തിന്റെയും ലോകവ്യാപാര സംഘടനാ നയങ്ങളുടെയും ഫലമായി ദുരിതമനുഭവിക്കുന്ന കാർഷികമേഖലയെ വീണ്ടെടുക്കാൻ പറ്റാത്തത്ര നാശത്തിലേക്കെത്തിക്കാൻ ഈ തീരുമാനങ്ങൾക്ക്‌ കഴിയും."

ജനിതകമാറ്റം മാറ്റം വരുത്തിയ പരുത്തി (Bt Cotton) വ്യാപകമായതിനുശേഷം ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത്‌ നിലനിക്കേ തന്നെ ഇപ്പോൾ കേന്ദ്രവന – പരിസ്ഥിതി മന്ത്രാലയത്തിൻ കീഴിലുള്ള ജനറ്റിക്‌ എഞ്ചിനീയറിംഗ്‌ അപ്രൂവൽ കമ്മറ്റി (GEAC) ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ കൃഷി വ്യാപകമാക്കാൻ അനുമതി നൽകാൻ പോവുകയാണ്‌. ഇതൊക്കെ തുടക്കം മാത്രമാണ്‌. ഇരുപതോളം ഭക്ഷ്യ വിളകളാൽ (അരി, തക്കാളി, കടുക്‌, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ്‌ തുടങ്ങിയവ) ജനിതക പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്‌. അത്തരം വിത്തുകൾ രാജ്യത്ത്‌ പലയിടത്തായി പരിശോധിച്ചു നോക്കുന്നുമുണ്ട്‌, പലപ്പോഴും സംസ്ഥാന സർക്കാരും കൃഷിക്കാരും അറിയാതെ തന്നെ. ഈ വർഷം കഴിയുമ്പോഴേക്കും വിത്തു കമ്പനികൾ തങ്ങളുടെ പഠന ഫലങ്ങളുമായി തങ്ങളുടെ വിത്തുകൾക്കു വേണ്ട അംഗീകാരത്തിനായി കേന്ദ്ര സർക്കാരിനെ സമീപിക്കും.

ജനിതകമാറ്റം വരുത്തിയ വിളകളുണ്ടാക്കുന്ന പാരിസ്ഥിതികവും പൊതുജനാരോഗ്യപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ശാസ്ത്രജ്ഞരുടെ ഇടയിൽ പോലും സംശയങ്ങൾ ബാക്കി നിൽക്കുകയാണ്‌. പല പഠനങ്ങളും വിവിധ ആരോഗ്യപ്രശ്നങ്ങൾ പുറത്തു കൊണ്ടുവന്നിട്ടുണ്ട്‌. അലർജി, ക്യാൻസർ, ട്യൂമർ, ഉദരവൃണങ്ങൾ തുടങ്ങിയവ ലോകത്തിന്റെ പലഭാഗത്തും ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ആരോഗ്യ പരിരക്ഷണ സംവിധാനങ്ങൾ നന്നായി വികസിപ്പിച്ചിട്ടുള്ള കേരളത്തിൽ പോലും ഇന്ന്‌ ആരോഗ്യ തകരാറുകൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും ഇന്ത്യയിൽ നിലനിൽക്കുന്ന ജൈവ സുരക്ഷാ സംവിധാനങ്ങളുടെ (biosafety measures) അപര്യാപ്തതയെ കുറിച്ച്‌ പഠനങ്ങൾ വന്നു കഴിഞ്ഞു. നിയന്ത്രണ സംവിധാനങ്ങൾ നിലവിലുള്ള വികസിത രാജ്യങ്ങളിൽ പോലും ജനിതക സാങ്കേതിക വിദ്യ സാമൂഹ്യമായും ധാർമ്മികമായും ശരിയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്‌. ഭൂരിപക്ഷം ആളുകളും കൃഷിയെ ആശ്രയിച്ചു കഴിയുന്ന ഇന്ത്യയിൽ ജനിതക സാങ്കേതിക വിദ്യക്കുറിച്ചുള്ള അടിസ്ഥാന ശാസ്ത്രീയ ചോദ്യങ്ങൾതന്നെ ഇതുവരെ ഉയർന്നിട്ടില്ല. ഇതിനു പുറമെയാണ്‌ അപകട സാധ്യതാ പഠനങ്ങളും അതുമയി ബന്ധപ്പെട്ട സാമൂഹ്യ ബാധ്യതകളും പഠിക്കുന്ന കാര്യത്തിലുള്ള കാലതാമസം. 

കടൽത്തീരം മുതൽ  മലത്തലപ്പ്‌ വരെ ജൈവ വൈവിധ്യത്താൽ സമ്പന്നമാണ്‌ കേരളം. സംസ്ഥാനത്തിന്റെ പകുതിയും പശ്ചിമഘട്ടപ്രദേശമാണ്‌. ഇത്‌ അറിയപ്പെടുന്ന ഒരു ജൈവ വൈവിധ്യമേഖലയുമാണ്‌. നേരത്തെ തന്നെ പല ശാസ്ത്രജ്ഞരും മുന്നറിയിപ്പ്‌ നൽകുകയും ഇന്ന്‌ ശാസ്ത്രലോകം തിരിച്ചറിയുകയും ചെയ്യുന്ന ഒരു കാര്യമുണ്ട്‌. ജനിതകമാറ്റം വരുത്തിയ വിളകൾക്ക്‌ സ്വാഭാവിക പരിസ്ഥിതിയെ മലിനീകരിക്കാൻ കഴിയുമെന്നതാണിത്‌. ജനിതകമാറ്റം വരുത്തിയ ജീവജാലങ്ങൾ കൃത്രിമമാണ്‌ കാരണം ഇവയെ ലബോറട്ടറികളിൽ മാത്രമേ ഉണ്ടാക്കാൻ കഴിയൂ. മാത്രവുമല്ല ഈ സാങ്കേതികവിദ്യയുടെ രീതികളും അതിൽനിന്നുണ്ടാകുന്ന ഉൽപന്നങ്ങളും പരിണാമത്തിന്റെ കഴിഞ്ഞ 3.8 ബില്ല്യൺ വർഷങ്ങളിൽ ഇല്ലാത്തതാണ്‌ ശാസ്ത്രജ്ഞന്മാർക്കു പോലും ഈ സാങ്കേതികവിദ്യ ഉണ്ടാക്കാനിടയുള്ള ജനിതകമാറ്റത്തെക്കുറിച്ച്‌ കൃത്യമായി പറയാൻ കഴിയുന്നില്ല. അതുകൊണ്ടാണ്‌ അന്താരാഷ്ട്ര തലത്തിൽ തന്നെ ഒരു ജൈവസംരക്ഷണ പ്രോട്ടോകോൾ (Biosafety Protocol) നിലനിൽക്കുന്നത്‌. ഡോ. എം.എസ്‌. സ്വാമിനാഥൻ ചെയർമാനായുള്ള ബയോടെക്‌നോളജി ടാസ്‌ക്‌ഫോഴ്‌സ്‌ റിപ്പോർട്ടും പറയുന്നത്‌ പശ്ചിമഘട്ടം പോലെ  പാരിസ്ഥിതികമായി ലോലമായ ഒരു പ്രദേശത്തെ ജനിതകമാറ്റം വരുത്തിയ വിളകളിൽനിന്ന്‌ സംരക്ഷിക്കണമെന്നാണ്‌.

ഇന്ത്യയിലെ ആദ്യത്തെ ജനിതകമാറ്റം വരുത്തിയ വിള ബി. റ്റി.പരുത്തിയാണ്‌. 2002 മുതൽക്കാണ്‌ ബി. റ്റി.പരുത്തി വ്യാപകമായി ഇന്ത്യയിൽ കൃഷിചെയ്യാനാരംഭിച്ചത്‌. ഇതിന്‌ അനുവാദം നൽകിയത്‌ GEAC യാണ്‌. തുടക്കത്തിൽ തന്നെ ഈ വിത്തുകളുടെ ഉയർന്നവിലയെ കുറിച്ചും, തുടർന്നും ഉപയോഗിക്കേണ്ടിവരുന്ന കീടനാശിനിയെക്കുറിച്ചും, മോശമായ ഉൽപദനത്തെ കുറിച്ചും, വിത്തുകൾ നിയമവിധേയമല്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നതിനെ കുറിച്ചൊക്കെയുമുള്ള ആശങ്കകൾ ഉയർന്നിരുന്നു. ബി. റ്റി.പരുത്തിയുടേ പ്രതിരോധശേഷി കുറവിനെപറ്റിയും ഓർഗാനിക്‌ പരുത്തിയുടെ മേന്മയെക്കുറിച്ചും പല സംസ്ഥാന സർക്കാരുകൾ തന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്‌. കർഷകർക്കുണ്ടായ നാശനഷ്ടത്തിന്‌ നഷ്ടപരിഹാരം നൽകാനായി സംസ്ഥാന സർക്കാരുകൾ (ആന്ധ്രപ്രദേശ്‌) ആവശ്യപ്പെട്ടിട്ടും അതിന്‌ വിത്തു കമ്പനികൾ (മൊൺസാന്റോ, മഹികോ) തയ്യാറായിട്ടില്ല. അവർ ആന്ധ്രസർക്കാരിന്റെ ഓർഡറിനെ കോടതിയിൽ ചോദ്യം ചെയ്യുകയാണ്‌ പകരം ഉണ്ടായത്‌.

ഇപ്പോൾ ബി. റ്റി.പരുത്തി കൃഷിചെയ്യുന്ന തോട്ടങ്ങളിൽ പണിയെടുക്കുന്ന കർഷകതൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും കന്നുകാലികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും ഉള്ള പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്‌. വിളവെടുപ്പിനു ശേഷം പരുത്തി കർഷകർ തങ്ങളുടെ വയലുകളിലെ മണ്ണിനുണ്ടാകുന്ന നാശത്തെക്കുറിച്ചും പറയാൻ തുടങ്ങിയിട്ടുണ്ട്‌. ഇതിനെക്കുറിച്ചൊന്നും പഠിക്കാൻ തയ്യാറാകാതെയാണ്‌ കേന്ദ്ര സർക്കാർ വീണ്ടും വീണ്ടും മറ്റു ജനിതക മാറ്റം വരുത്തിയ വിളകൾക്ക്‌ അനുമതിനൽകുന്നത്‌. അതും ഭക്ഷ്യ വിളകൾക്ക്‌.

ഇത്തരം സാഹചര്യങ്ങൾ രാജ്യത്ത്‌ നിലനിൽക്കുമ്പോൾ കൂടുതൽ അബദ്ധങ്ങൾ പറ്റാതിരിക്കാനായി കേന്ദ്ര സർക്കാർ ഒരു മുൻ കരുതൽ നയമാണ്‌ സ്വീകരിക്കേണ്ടിയിരുന്നത്‌. താൽക്കാലികമയിട്ടെങ്കിലും ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വ്യാപനം തടയേണ്ടിയിരിക്കുന്നു. എന്നാൽ കേന്ദ്രസർക്കാർ മറിച്ചാണ്‌ ചെയ്യുന്നത്‌. ഇത്‌ അപകടം പിടിച്ചതും അശാസ്ത്രീയവും ജനാധിപത്യ വിരുദ്ധവുമാണ്‌. കാരണം ഇതുമൂലം ഇന്ത്യയിലെ കാർഷിക മേഖലയ്ക്ക്‌ ഉണ്ടാകാൻ പോകുന്ന തകർച്ച ഒരിക്കലും തിരുത്താൻ പറ്റാത്തതായിരിക്കും. ജനിതകമാറ്റം വരുത്തിയ വിത്തുകൾക്കും നമ്മുടെ പരമ്പരാഗത വിത്തുകൾക്കും (അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളുൾപ്പെടെ) ഒരുമിച്ച്‌ വാഴാൻ കഴിയുകയില്ല. കാരണം ജനിതകമാറ്റം വരുത്തിയ വിത്തുകളിൽ നിന്നുള്ള ജീനുകളുടെ മറ്റ്‌ സസ്യങ്ങളിലേക്കുള്ള കടന്നുകയറ്റം ഒഴിവാക്കാൻ കഴിയില്ല എന്നതുതന്നെ. പ്രത്യേകിച്ചും ഇന്ത്യയിലെ പ്രത്യേക കാർഷിക വ്യവസ്ഥ കണക്കിലെടുക്കുമ്പോൾ ഭൂരിപക്ഷവും ചെറുകിട കർഷകരുള്ള നമ്മുടെ നാട്ടിൽ വിത്തു കമ്പനികളോ ശാസ്ത്രജ്ഞരോ പറയുന്ന തരത്തിൽ buffer zone വയ്ക്കുക എന്നത്‌` കർഷകർക്ക്‌ അസാധ്യമായൊരു കാര്യമാണ്‌.

കേരളം ജൈവവൈവിധ്യത്താൽ സമ്പന്നമാണ്‌. നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും കാർഷികമേഖലയെ ആശ്രയിക്കുകയും ചെയ്യുന്നു. ഇതിനും പുറമേ നമ്മൾ ആഹാരം ഇറക്കുമതിചെയ്യുന്ന ഒരു സംസ്ഥാനവുമാണ്‌. ഈ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ ഇതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം ഭീകരമായിരിക്കും. രാഷ്ട്രീയമായി നല്ല അവബോധമുള്ള കേരള സംസ്ഥാനം ഈ പ്രശ്നത്തിൽ കൃത്യമായൊരു നിലപാടെടുക്കുകയും അത്‌` കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്യേണ്ടത്‌ അടിയന്തിര പ്രാധാന്യം അർഹിക്കുന്നു. ഇത്തരം അപകടം പിടിച്ച സാങ്കേതികവിദ്യയ്ക്ക്‌ നമ്മുടെ സംസ്ഥാനത്ത്‌ അനുമതി കൊടുക്കയുമരുത്‌.

നമ്മുടെ നിലനിൽപ്പിന്റെ അടിസ്ഥാനം ഭക്ഷണമാണ്‌. ഭക്ഷണം നമ്മുടെ അവകാശവുമാണ്‌. അതിനുമേൽ നമ്മുടെ കൃഷിക്കും കർഷകരുടെ ജീവിതത്തിനും മേൽ അധികാരം സ്ഥാപിക്കാൻ കുത്തക വിത്തു കമ്പനികളെ അനുവദിച്ചുകൂടാ. നല്ല ഭക്ഷണം ആവശ്യമായ അളവിൽ ഉണ്ടാക്കാനുള്ള ആയിരക്കണക്കിന്‌ വഴികൾ നമ്മുടെ നാട്ടിൽത്തന്നെ നിലവിലുണ്ട്‌. എന്നാൽ നിർഭാഗ്യവശാൽ ഇവയെല്ലാം അംഗീകരിക്കാനോ അതിനുവേണ്ട സഹായം നൽകാനോ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. കൃഷിക്കാരെ സഹായിക്കാൻ പറ്റുന്ന അത്തരം രീതികളെ പ്രോത്‌സാഹിപ്പിക്കുന്നതിനുപകരം കേന്ദ്ര സർക്കാർ കുത്തക കമ്പനികളെ മാത്രം സഹായിക്കാൻ കഴിയുന്ന ജനിതക സാങ്കേതിക വിദ്യയെ പ്രോത്‌സാഹിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.

കേരളത്തിൽ ഉണ്ടായിട്ടുള്ള കാർഷിക പ്രതിസന്ധി മറികടക്കാൻ കർഷകരും സ്വയം സഹായ സംഘങ്ങളും സംഘടനകളും കാർഷിക സർവകലാശാലയും എല്ലാം കഴിഞ്ഞ 10 – 15 വർഷങ്ങളായി പല പരീക്ഷണങ്ങളും തുടങ്ങിയിട്ടുണ്ട്‌. സംയോജിത കീട നിയന്ത്രണം(IPM), കീടനാശിനി രഹിത കീടനിയന്ത്രണം (NPM), ജൈവകൃഷി, ബയോഡൈനാമിക്‌ ഫാമിംഗ്‌ എന്നിവ അവയിൽ ചിലതുമാത്രം. ഇതിന്റെ ഫലം വളരെ നല്ലതും മറ്റു കൃഷിക്കാർക്ക്‌ അനുകരിക്കാൻ കഴിയുന്നതുമാണ്‌. ഇവരുടെ ഉൽപന്നങ്ങൾക്ക്‌ കമ്പോളത്തിൽ നല്ല വിലയും ഇന്ന്‌ ലഭിക്കുന്നുണ്ട്‌. കാർഷിക കയറ്റുമതിക്ക്‌ ഒട്ടേറെ പ്രാധാന്യമുള്ള നമ്മുടെ സംസ്ഥാനം ഒരു ജൈവ കൃഷി സംസ്ഥാനമായിരിക്കേണ്ടത്‌ (organic State) അത്യാവശ്യമാണ്‌. കാരണം ഇന്ന്‌ ജൈവ ഉൽപന്നങ്ങളുടെ ഗുണം തിരിച്ചറിഞ്ഞ്‌ അതിന്‌ വലിയൊരു മാർക്കറ്റ്‌ സംസ്ഥാനത്തിനകത്തും പുറത്തും വളർന്ന്‌ വരുന്നുണ്ട്‌. നമ്മുടെ കൃഷിക്കാർക്ക്‌ എല്ലാ അർത്ഥത്തിലും ഇതൊരനുഗ്രഹമായിരിക്കും. എന്നാൽ ഒരിക്കൽ ജനിതക മാറ്റം വരുത്തിയ വിത്തുകൾ ജൈവകൃഷിയിടങ്ങളെ മലിനമാക്കുമെന്നതിന്‌ യാതൊരു സംശയവുമില്ല. പല രാജ്യങ്ങളും ജനിതക മാറ്റം വരുത്തിയ ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്‌.

അതിനാൽ താഴെ പറയുന്ന ഇന്നാട്ടിലെ വിദഗ്ദ്ധരുടെയും മറ്റുവ്യക്തികളുടെയും ഈ ആശങ്ക നമ്മുടെ ജന പതിനിധികൾ കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്നും Bt. Brinjal ന്റെയും മറ്റു ജനിതകമാറ്റം വരുത്തിയ വിളകളുടെയും വ്യാപനം ഉടൻ നിറുത്തിവയ്പ്പിക്കണമെന്നും ആവശ്യപ്പെടുന്നു. കേരളത്തിന്റെ പുരോഗമന പദവി നിലനിറുത്തിക്കൊണ്ട്‌ കേരളത്തെ ജനിതക മാറ്റം വരുത്തിയ വിത്തുകളും വിളകളും ഭക്ഷണവും ഇല്ലാത്ത ഒരു സംസ്ഥാനമായി (GM free State) പ്രഖ്യാപിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

എന്ന്‌

നന്ദിപൂർവം

ഡോ. തോമസ്‌ വർഗ്ഗീസ്‌

സി.ആർ. നീലകണ്ഠൻ

പ്രൊ. ആർ.വി.ജി മേനോൻ

പി.ആർ ശ്രീകുമാർ

ആനി പുന്നൂസ്‌

ഡോ. എ.എസ്‌.കെ. നായർ

എസ്‌. ഉഷ

പ്രൊ. എം.കെ പ്രസാദ്‌

ഡോ. എസ്‌. ശാന്തി

ഡോ. സി. തങ്കം

ഡോ. കെ. ശാരദാ മണി

പെർമാലിങ്ക് 2അഭിപ്രായങ്ങള്‍