പ്രഖ്യാപനം: ദേശീയ കര്‍ഷകദിനം – തഞ്ചാവൂര്‍, ഡിസംബര്‍ 23, 2006

ഫെബ്രുവരി 7, 2007 at 5:28 am (കാര്‍ഷിക പ്രതിസന്ധി, ജി.എം.വിളകള്‍)

ഈ പോസ്റ്റിന്റെ തുടര്‍ച്ചയാണ്

Thanjavore Procession

റാലിയില്‍ നിന്നൊരു ദൃശ്യം

നമ്മുടെ നാട്ടിലെ ഭക്ഷ്യസുരക്ഷിതത്വത്തെയും ഭക്ഷ്യ പരമാധികാരത്തെയും ഭൂമിയ്ര്യും ജനങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി ഇന്നാട്ടിലെ കര്‍ഷക സംഘടനകളും ട്രേഡ്‌ യൂണിയനുകളും ഉപഭോക്തൃ സംഘടനകളും സ്വയം സഹായ സംഘങ്ങളും മറ്റു സംഘടനകളും ചേര്‍ന്ന്‌ ദേശീയ കര്‍ഷക ദിനമായ ഡിസംബര്‍ 23 ന് നടത്തിയ പ്രഖ്യാപനം. 

സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന്‌ നമ്മുടെ രാജ്യം ഭക്ഷ്യ സുരക്ഷിതത്വത്തിന്റെയും ദേശീയ പരമാധികാരത്തിന്റെയും കാര്യത്തില്‍ അങ്ങേയറ്റത്തെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കയാണ്. രാജ്യം നേരിടുന്ന കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച്‌ നമ്മുടെ പ്രധാനമന്ത്രിതന്നെ ഔദ്യോഗികമായി പറയുകയുണ്ടായി. ഇതിനും പുറമേ ഡോ. എം.എസ്‌. സ്വാമിനാഥന്‍ ചെയര്‍മാനായ ദേശീയ കര്‍ഷക കമ്മീഷന്റെ റിപ്പോര്‍ട്ടും രാജ്യത്തെ കര്‍ഷക സമൂഹങ്ങളുടെ ഇന്നത്തെ അവസ്ഥ വിശദീകരിക്കുന്നുണ്ട്‌.

നമ്മുടെ ജനസംഖ്യയുടെ 65 ശതമാനത്തിലേറെയുള്ള കര്‍ഷകരുടെ ജീവനോപാധികള്‍ ഘട്ടംഘട്ടമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹരിതവിപ്ലവത്തിന്റെ ഹൃദയമെന്ന്‌ പറയപ്പെടുന്ന പ്രദേശങ്ങളില്‍നിന്ന്‌ രൂക്ഷമായ പാരിസ്ഥിതിക തകര്‍ച്ചയും പ്രകൃതിവിഭവങ്ങളുടെ ചൂഷണവും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഹരിതവിപ്ലവം തകര്‍ന്നു കഴിഞ്ഞു. ശരിയായ ഒരു ദര്‍ശനത്തിന്റെ അഭാവവും അശ്രദ്ധമായ നടപ്പാക്കലും കാരണം ആദ്യ ഹരിത വിപ്ലവം കൃഷിയുടെ നിലനില്‍പ് തന്നെ തകര്‍ക്കുകയും നമ്മുടെ ഭക്ഷണവും വായുവും വെള്ളവും വരെ വിഷമയമാക്കുകയും ചെയ്തു. ഈയൊരു സാഹചര്യത്തില്‍ മൊന്‍സാന്റോ പോലുള്ള കുത്തക കമ്പനികള്‍ നമ്മുടെ സര്‍ക്കാരിന്റെ തന്നെ സഹായത്തോടെ നമ്മുടെ വിത്തുകളെയും ഭക്ഷണത്തിന്റെയും മേല്‍ അടുത്തൊരു നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഇന്‍ഡോ യു.എസ്‌. നോളജ്‌  ഇനിഷ്യേറ്റീവ്‌ എന്ന തന്ത്രപരമായ വഴിയിലൂടെ ഒരു രണ്ടാം ഹരിതവിപ്ലവത്തിനുവേണ്ടി ശ്രമിക്കുകയാണ് മൊന്‍സാന്റോ പോലുള്ള കമ്പനികള്‍. നമ്മുടെ നാട്ടിലെ ജനിതക സമ്പത്ത്‌ കൊള്ളയടിക്കുക എന്നതിനെ സാധൂകരിക്കുകയെന്നതും ഈ ഉഭയകക്ഷി കരാറിന്റെ ഉദ്ദേശമാണ്. നമ്മുടെ നാട്ടിലെ കാര്‍ഷിക സര്‍വകലാശാലകളും മറ്റ്‌ സര്‍വകല്ലാശാലകളുമായി ഉണ്ടാക്കുന്ന പാര്‍ട്‌ണര്‍ഷിപ്പിലൂടെയാണ് കമ്പനികള്‍ ഇത്‌ സാധിച്ചെടുക്കുക.

ഈയൊരു സാഹചര്യത്തില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ക്ക്‌ നമ്മുടെ സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ അത്‌ നമ്മുടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി, ആരോഗ്യം, ദേശീയ പരമാധികാരം എന്നിവയെയായിരിക്കും തകര്‍ക്കുക. ഇംഗ്ലണ്ടില്‍ നടത്തിയ പരീക്ഷണങ്ങള്‍ കണ്ടെത്തിയത്‌ ജനിതക മാറ്റം വരുത്തിയ ജീവികള്‍ വന്യ മൃഗങ്ങളെ നശിപ്പിക്കുമെന്നാണ്. ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള അനുഭവങ്ങള്‍ കാണിക്കുന്നതും സ്വാഭാവിക ജൈവ വൈവിധ്യത്തെ, ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ബാധിക്കുമെന്നുതന്നെയാണ്. ലോകത്ത്‌ എല്ലായിടത്തും തന്നെ ഉപഭോക്താക്കള്‍ ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തിനെതിരെയാണ്. യൂറോപ്യന്‍ യൂണിയനിലെ 30 പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളില്‍ 27 ഉം ജി.എം. ഭക്ഷണത്തിനെതിരെ നിലപാടെടുത്തു കഴിഞ്ഞു.

ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിഭൂമിയിലെത്തിയിട്ട്‌ 15 വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും 21 രാജ്യങ്ങളില്‍ മാത്രമേ ഇത്‌ കുറച്ചെങ്കിലും കൃഷിചെയ്യുന്നുള്ളു. അതു തന്നെയും  നാല് പ്രധാനപ്പെട്ട വിള്‍കളില്‍ മാത്രം – പരുത്തി, സോയാബീന്‍‌സ്‌, ചോളം, കടുക്‌ എന്നിവയില്‍. ഇവയില്‍ തന്നെ കളനാശിനിക്കെതിരെയും കീടങ്ങള്‍ക്കെതിരെയും ഉള്ള പ്രതിരോധം ഉണ്ടാക്കുക മാത്രമാണ് ശ്രമിച്ചിട്ടുള്ളത്‌. ലോകത്ത്‌ ഇന്ന്‌ കൃഷിചെയ്യുന്ന ജനിതകമാറ്റം വരുത്തിയ വിളകളുടെ 94 ശതമാനവും ഉള്ളത്‌ നാല് രാജ്യങ്ങളിലാണ് – അമേരിക്ക, അര്‍ജ്ജന്റീന, കാനഡ്, ചൈന എന്നീ രാജ്യങ്ങളില്‍. ജി.എം. വിത്തുകളുടെ ഉടമസ്ഥാവകാശത്തില്‍ 91 ശതമാനവും മൊന്‍സാന്റോ എന്ന ഒരൊറ്റ കമ്പനിക്കു മാത്രമുള്ളതാണ്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമുള്ളത്‌ ജി.എം. വിളകളൊന്നും തന്നെ ഉല്‍‌പാദനക്ഷമത കൂട്ടിയിട്ടില്ല എന്നതാണ്. വാസ്തവത്തില്‍ പഠനങ്ങള്‍ കാണിക്കുന്നത്‌ ജി.എം. വിളകളുടെ ഉല്പാദനം സാധാരണം വിളകളെക്കാള്‍ കുറവാണെന്നതാണ്. ഇതിനും പുറമെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജി.എം. വിളകള്‍ വരുത്തുന്ന ആരോഗ്യ തകരാറുകളെക്കുറിച്ചും തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു.

ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉയര്‍ത്തുന്ന മറ്റൊരു ഭീഷണി ഇവയുടെ ഉടമസ്ഥതയെ കുറിച്ചുക്ല്ലതാണ്. ഈ വിത്തുകളെല്ലാം തന്നെ പേറ്റന്റ്‌ ഉള്ളവയാണ്. ഇതിനര്‍ത്ഥം കര്‍ഷകന് ഇവ സൂക്ഷിക്കുവാനോ, രണ്ടാമത്‌ വിതക്കാനോ, കൈമാറ്റം ചെയ്യാനോ കഴിയില്ല എന്നതാണ്. ഇങ്ങനെ ചെയ്യുന്ന കൃഷിക്കാര്‍  ശിക്ഷിക്കപ്പെടാം.  ഇത്‌ കര്‍ഷകരുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ്. ഇത്‌ നമുക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. പേറ്റന്റ്‌ ഉള്ള ഇത്തരം സാങ്കേതിക വിദ്യകളുടെ കടന്നു കയറ്റം ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ അടിസ്ഥാന ജീവനോപാധികളെയാണ് തകര്‍ത്തു കളയുന്നത്‌. ദേശീയ ഭക്ഷ്യ സുരക്ഷയ്ക്കും രാജ്യത്തിന്റെ പരമാധികാരത്തിനും ഇത്‌ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്‌. ജനിതകമാറ്റം വരുത്തിയ വിളകള്‍ അതുണ്ടാക്കുന്ന കമ്പനികള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും അപകടകരമാണ്.

ഇതിന്റെ മറുവശം നോക്കുകയാണെങ്കില്‍ കര്‍ഷകരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന പരിസ്ഥിതിക്കിണങ്ങിയ ജൈവകൃഷി മാര്‍ഗങ്ങള്‍ കര്‍ഷകനെ അടിസ്ഥാനമാക്കിയുള്ളതും നിലനില്‍ക്കുന്നതുമായ സാങ്കേതിക വിദ്യകളാണ് അവലംബിക്കുന്നത്‌. ഇത്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ളതുമാണ്.

ഈ രാജ്യത്തെ കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും കച്ചവടക്കാരുടെയും താല്പര്യം മുന്‍‌നിറുത്തി, ജനിതകമാറ്റം വരുത്തിയ വിത്തുകളില്ലാത്ത ഒരു രാജ്യമാ‍യി ഇന്ത്യ നിലനില്‍ക്കണമെന്ന്‌ ഈ ഫോറം ആവശ്യപ്പെടുന്നു.  നമ്മുടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷിതത്വം, ഭക്ഷ്യപരമാധികാരം, ജൈവ വൈവിധ്യം, കച്ചവട സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നതിനുവേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നമ്മുടെ രാജ്യത്തെ ഒരു ജി.എം. രഹിത രാജ്യമായി പ്രഖ്യാപിക്കണം. കാര്‍ഷിക വിളകളിലും മൃഗങ്ങളിലും നടക്കുന്ന എല്ലാ ജനിതകമാറ്റം പരീക്ഷണങ്ങളും ഉടന്‍‌തന്നെ നിറുത്തി വയ്ക്കണമെന്നും പരിസ്ഥിതിക്കിണങ്ങുന്നതും നിലനില്‍ക്കുന്നതുമായ കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മുമ്പോട്ട്‌ വരണമെന്നും ഈ ഫോറം ആവശ്യപ്പെടുന്നു.

Advertisements

പെർമാലിങ്ക് 2അഭിപ്രായങ്ങള്‍