കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ചും ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ചും ഉള്ള ദക്ഷിണേന്ത്യന്‍ ശില്പശാല

ഫെബ്രുവരി 6, 2007 at 11:39 am (കാര്‍ഷിക പ്രതിസന്ധി, ജി.എം.വിളകള്‍)

എസ്‌.ഉഷ, എസ്‌.സതീശ്‌

ദേശീയ കര്‍ഷകദിനം – ഡിസംബര്‍ 23, 2003, തഞ്ചാവൂര്‍, തമിഴ്‌നാട്‌.

Southindian workshop on Dec 23, 2006 at Thanjavoor

സവ്വശ്രീ. ജി. നമ്മള്‍വാര്‍ സംസാരിക്കുന്നു

കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ചും ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ചുമുള്ള ദക്ഷിണേന്ത്യന്‍ ശില്പശാല ദേശീയ കര്‍ഷക ദിനത്തെ കൃഷിക്കാരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ദിവസമായി ആഘോഷിച്ചു. കര്‍ഷക സംഘടനകളും, തമിഴ്‌നാട്‌, കേരളം, ആന്ധ്രപ്രദേശ്‌, കര്‍ണാടക്, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്നദ്ധ സംഘടനകളും ഇതിനോടനുബന്ധിച്ചു നടന്ന ശില്പശാല, റാലി പൊതുമീറ്റിംഗ്‌ എന്നിവയില്‍ പങ്കെടുത്തു. പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളുടെ  അംഗ സംഘടനകള്‍, ഫെഡറേഷന്‍ ഓഫ്‌ കണ്‍‌സ്യൂമര്‍ ഓര്‍‌ഗനൈസേഷന്‍‌സ്‌ ഓഫ്‌ തമിഴ്‌നാട്‌ ആന്റ്‌ പോണ്ടിച്ചേരി (FEDCOT), തമിഴ്‌നാട്‌ ഓര്‍ഗാനിക്‌ അഗ്രിക്കള്‍ച്ചറിസ്‌റ്റ്‌സ്‌ മൊവ്‌മെന്റ്‌ (TNOAM), ക്രിയേറ്റ്‌ ട്രസ്റ്റ്‌  (CREATE Trust),  സേവ ട്രസ്റ്റ്‌ (SEVA Trust), തമിഴ്‌നാട്‌ വണിഹര്‍ സംഘത്തില്‍ പേരവെയ്‌, ഫെഡറേഷന്‍ ഓഫ്‌ റൈസ്‌ ട്രേഡേഴ്‌സ്‌ അസോസിയേഷന്‍, തണല്‍, കിസാന്‍ ജ്യോതി, ദേശീയ കര്‍ഷക സമിതി (കേരളം), സെന്റര്‍ ഫോര്‍ സസ്‌സ്റ്റൈനബിള്‍ അഗ്രിക്കള്‍ച്ചര്‍ (ആന്ധ്രപ്രദേശ്‌), നാഗരിക സേവ ട്രസ്റ്റ്‌ (കര്‍ണാടക), കര്‍ണാടക രാജ്യ നായ്‌ത്ത സംഘ  (KRRS), ഇക്ര (ICRA, കര്‍ണാടക) എന്നിവര്‍ ഈ പരിപാടിയെ പിന്തുണച്ചു.

തമിഴ്‌നാട്‌ ഓര്‍ഗാനിക്‌ അഗ്രിക്കള്‍ച്ചറിസ്റ്റ്‌സ്‌ മൂവ്‌മെന്റിന്റെ പ്രസിഡന്റായ സര്‍വ്വശ്രീ. ജി. നമ്മള്‍‍വാര്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഭക്ഷ്യ, വ്യാപാര വിദഗ്‌ദ്ധനായ ഡോ. ദേവിന്ദര്‍ ശര്‍മ്മ, കണ്‍‌സ്യൂമര്‍ കൌണ്‍‌സില്‍ ഓഫ്‌ ഇന്ത്യയുടെ അദ്ധ്യക്ഷനായ പ്രൊഫ. ദൊരൈ സിംഗം എന്നിവര്‍ പ്രത്യേക പ്രഭാഷണങ്ങള്‍ നടത്തി. തമിഴ്‌നാട്‌ വണിഹര്‍ സംഘത്തില്‍ പേരവയുടെ പ്രസിഡന്റ്‌ ശ്രീ. ടി. വെള്ളയന്‍ ഉദ്‌ഘാടന പ്രസംഗം നടത്തി. ആന്ധ്രപ്രദേശിലെ ‘സി.എസ്‌.എ’ യില്‍ നിന്നുള്ള കവിത കുറുഗാഡി, മഹാരാഷ്ട്രയിലെ ‘ഷേത്കാരി സംഘടന‘യില്‍ നിന്നുമുള്ള ശ്രീ. വിജയ്‌ സാവന്തിയ, കേരളത്തിലെ ‘തണലി’ല്‍ നിന്നുള്ള ശ്രീമതി. എസ്‌. ഉഷ, കര്‍ണ്ണാടകത്തിലെ ‘എന്‍.എസ്‌.ടി’യില്‍ നിന്നുള്ള ശ്രീ. രജ്ഞന്‍ റാവു യെരഡൂര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു. ‘ഫെഡ്‌കോട്ട്‌‘ ജനറല്‍ സെക്രട്ടറി ശ്രീമതി. ഭാഗ്യ ലക്ഷ്മി, ‘ഫെഡ്‌കോട്ട്‌‘ ചെയര്‍മാന്‍ ശ്രീ. പീര്‍ മുഹമ്മദ്‌, ‘സേവ ട്രസ്റ്റ്‌‘ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ശ്രീ. സൂസൈ മൈക്കള്‍, ‘ക്രീയേറ്റി’ന്റെ ട്രെയിനിംഗ്‌ ഡയറക്ടര്‍ ശ്രെ. ആര്‍. ജയരാമന്‍, തമിഴ്‌നാട്‌ അഗ്രിക്കള്‍ച്ചറിസ്റ്റ്‌ മൂവ്‌മെന്റിന്റെ വൈസ്‌ പ്രസിഡന്റ്‌ ശ്രീ. തിരുനാവക്കരശ്‌ എന്നിവരും പങ്കെടുത്തു. തമിഴക ഉഴൈവര്‍ ഉഴൈപ്പാളര്‍ സംഘത്തിലെ ശ്രീ. കെ. ചെല്ലമുത്തു തമിഴ്‌നാട്ടില്‍ എന്തിനാണ് ബി.ടി.നെല്ലിന്റെ പരീക്ഷണ പാടങ്ങള്‍ കര്‍ഷകര്‍ക്ക്‌ നശിപ്പിക്കേണ്ടിവന്നത് എന്നതിനെക്കുറിച്ച്‌ സംസാരിച്ചു.

ജനിതക മാറ്റം വരുത്തിയ വിളകളുടെ പരീക്ഷണം നിരോധിക്കാനുള്ള തമിഴ്‌നാട്‌ സര്‍ക്കാരിന്റെ തീരുമാനം സെമിനാര്‍ സ്വാഗതം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഈ സന്തോഷാവഹമായ തീരുമാനം മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കേണ്ടതാണ്.  വൈകുന്നേരത്തെ പൊതുയോഗത്തില്‍ കര്‍ഷക മുന്നേറ്റങ്ങളുടെയും, വ്യാപാരി സംഘടനകളുടെയും, ഉപഭോക്തൃ സംഘടനകളുടെയും രാഷ്ട്രീയ സംഘടനകളുടെയും നേതാക്കള്‍ പങ്കെടുത്തു.

സെമിനാര്‍ താഴെ പറയുന്ന പ്രമേയങ്ങള്‍ പാസാക്കി.

ജനിതകമാറ്റത്തില്‍ നിന്ന്‌ വിമുക്തമായ ഇന്ത്യയ്ക്കായുള്ള ആവശ്യം  ഫോറം ശക്തമായി  ആവശ്യപ്പെട്ടു.

1. സര്‍ക്കാര്‍ ഇന്ത്യയെ ജി.എം. വിമുക്ത രാജ്യമായി പ്രഖ്യാപിക്കണം.

2. ഭക്ഷ്യപരമാധികാരം, വ്യാപാര സുരക്ഷിതത്വം എന്നിവ അടങ്ങുന്ന വിവിധ പ്രശ്നങ്ങള്‍ കണക്കിലെടുത്തുകൊണ്ട്‌, ഇന്ത്യയില്‍ ജനിതകമാറ്റം വരുത്തിയ വിളകളിന്മേലുള്ള എല്ലാതരത്തിലുമുള്ള ഗ്വേഷണങ്ങളും പരീക്ഷണങ്ങളും നിറുത്തലാക്കണം.

3. ജനിതകമാറ്റം വരുത്തിയ വിത്തുകളോ ഭക്ഷണമോ ഒന്നും തന്നെ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കരുത്‌.

4. ഭാരതത്തിലെ കൃഷിയോടുള്ള ഭാവി സമീപനം പ്രകൃതിപരവും സ്ഥായിയായി നില്‍ക്കുന്നതുമായ കൃഷിയെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കണം.

കര്‍ഷകരെ രക്ഷിക്കൂ – ഇന്ത്യയെ രക്ഷിക്കൂ

1. ആറാം ശമ്പളക്കമീഷനില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കര്‍ഷകനുള്ള വരുമാനം നിജപ്പെടുത്തുകയും ഉറപ്പുവരുത്തുകയും വേണം.

2. രാജ്യത്തുള്ള മുഴുവന്‍ കര്‍ഷകരുടെയും കടം സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ എഴുതിത്തള്ളണം.

3. ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും നേര്‍ട്ടുള്ള ഫലമാണ് ദാരിദ്ര്യമെന്ന്‌ ഫോറം തിരിച്ചറിയുന്നു. ഇവ മൂന്നു തലങ്ങളില്‍ ഭക്ഷ്യാവകാശങ്ങള്‍ നഷ്ടപ്പെടുത്തുന്നു.

(i) ഭക്ഷ്യ സുരക്ഷ സംവിധാനങ്ങള്‍ (കുറഞ്ഞ താങ്ങുവിലയും പൊതുവിതരണ സംവിധാനങ്ങളും) തകര്‍ക്കപ്പെടുന്നു.

(ii) ഗ്രാമീണ വരുനാനത്തിലുള്ള തകര്‍ച്ച മൂലം വാങ്ങാനുള്ള കഴിവ്‌ നഷ്ടപ്പെടുന്നത്‌ ഭക്ഷ്യാവകാശത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. (വ്യാപാരത്തിലെ നിയന്ത്രണങ്ങള്‍ നീക്കിയതുമൂലം കാര്‍ഷികോല്പന്നങ്ങള്‍ക്കുണ്ടായ വിലയിടിവാണ് ഇതിനു കാരണം).

(iii) ഭക്ഷണം ആദ്യം എന്നതില്‍ നിന്ന്‌ കയറ്റുമതി ആദ്യം എന്നതിലേക്ക്‌ ഇന്ത്യയുടെ കാര്‍ഷിക നയങ്ങളെ മാറ്റിയ വ്യാപാര ഉദാരവല്‍ക്കരണത്തെ തുടര്‍ന്ന്‌ ഭക്ഷ്യോല്‍പാദനം കുറഞ്ഞു വരികയാണ്. ഈ പരിതസ്ഥിതിയില്‍ കൃഷിയെ ലോക വ്യാപാര സംഘടനയില്‍ നിന്നും സ്വതന്ത്ര വ്യാപാര കരാറുകളില്‍നിന്നും ഒഴിവാക്കണമെന്ന്‌ ഫോറം ആവശ്യപ്പെടുന്നു.

4. വ്യവസായത്തിനും, പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും മറ്റു വാണിജ്യാ‍വശ്യങ്ങള്‍ക്കുമായി കൃഷി ഭൂമി അനുവദിച്ച്‌ നല്‍കരുത്‌.

5. കാര്‍ഷികോല്‍പ്പന്നങ്ങളുടെ തറവില ജീവിത നിലവാര സൂചികയ്ക്കനുസരിച്ച്‌ പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്‌.

6. മണ്ണിനേയും ജലസ്രോതസ്സുകളെയും മലിനീകരിക്കുന്ന എല്ലാ ഫാക്ടറികളും അടച്ചു പൂട്ടണം.

7. ജലാശയങ്ങളിലും, പൊതുസ്ഥലങ്ങളിലും, വനഭൂമിയിലും ഉള്ള കടന്നുകയറ്റം കണ്ടുപിടിക്കുകയും നീകം ചെയ്യുകയും വേണം.

8. വിള സംരക്ഷണത്തിനും കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും രാസ കീടനാശിനികള്‍ ആവശ്യമില്ലെന്ന്‌ സംശയാതീതമായി വ്യക്തമാണ്. അതുകൊണ്ട്‌ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ രാസകീടനാശിനികള്‍ പ്രോത്‌സാഹിപ്പിക്കുന്നതും അത്‌ കര്‍ഷകര്‍ക്ക്‌ നിര്‍ദ്ദേശിക്കുന്നതും നിര്‍ത്തുകയും ഇങ്ങിനെ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥരെ കര്‍ഷകരുടെ ജീവന്‍ അപകടത്തിലാക്കുന്നതിന്റെയും പ്രകൃതിയെ വിഷമയമാക്കുന്നതിന്റെയും പേരില്‍ പൊതു വിചാരണയ്ക്ക്‌ വിധേയരാക്കുകയും വേണം.

തമിഴ്‌നാട്‌ സംസ്ഥാന സര്‍ക്കാരിനോടുള്ള പ്രത്യേക ആവശ്യങ്ങള്‍

9. കര്‍ഷകര്‍ക്കായുള്ള ദേശീയ കമ്മീഷനില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതുപോലെ തമിഴ്‌നാട്‌ സര്‍ക്കാര്‍ എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും 4% പലിശ നിരക്കില്‍ ബാങ്ക്‌ വായ്പ നല്‍കണം (ഇതില്‍ സ്വയം സഹായ സംഘങ്ങളെയും ഉള്‍പ്പെടുത്തണമെന്ന്‌ ഫോറം ആവശ്യപ്പെടുന്നു).

10. കുളങ്ങള്‍ നവീകരിക്കുന്നതിനുള്ള പരിപാടികള്‍ വലിയ തോതില്‍ തന്നെ തുടങ്ങുകയും ഇതിന്റെ നിരീക്ഷണത്തിനായി എല്ലാ കര്‍ഷക സംഘടനകളും അടങ്ങുന്ന ഒരു നിരീക്ഷണ കമ്മറ്റിക്ക്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ രൂപം കൊടുക്കുകയും വേണം.

11. തെങ്ങ്‌ കര്‍ഷകരേയും ഇതുമായി ബന്ധപ്പെട്ട്‌ ജോലിചെയ്യുന്നവരെയും സംരക്ഷിക്കുവാന്‍ തെങ്ങില്‍നിന്നും പനയില്‍നിന്നും കള്ള്‌ ചെത്താന്‍ അനുവദിക്കണമെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.

12. കൃഷിയില്‍ കീടനാശിനികളുടെ ഉപയോഗം നിരോധിച്ചുകൊണ്ട്‌ തമിഴ്‌നാട്‌ സംസ്ഥാന സര്‍ക്കാര്‍ ബാക്കി രാജ്യത്തിനു മുഴുവനും വഴികാട്ടിയാവണം.

Advertisements

പെർമാലിങ്ക് 1 അഭിപ്രായം