കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ അലംഭാവം

ജൂണ്‍ 4, 2006 at 11:54 am (Polution Control)

 ഷിബു. കെ നായർ

HSPCB

കഴിഞ്ഞ കുറച്ചു കാലങ്ങളായി പരിസ്ഥിതി ബോധവൽക്കരണം, പരിസ്ഥിതി വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന പൊതു താത്‌പര്യ ഗവേഷണ സംഘടനയായ തണൽ എന്ന സന്നദ്ധ സംഘടനയിലെ ഒരംഗമാണ്‌ ഞാൻ.
പരിസ്ഥിതി സംരക്ഷണത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ രൂപം നൽകിയിട്ടുള്ള പഠന-ഗവേഷണ സ്ഥാപനങ്ങളും മറ്റ്‌ ഏജൻസികളും പലപ്പോഴും പൊതുജന താത്‌പര്യങ്ങളേക്കാൾ സ്ഥാപിത താത്‌പര്യങ്ങൾക്കാണ്‌ മുൻതൂക്കം നൽകുന്നത്‌. അറിവില്ലായ്മ നടിക്കുന്നതിലൂടെയും വസ്തുതകളെ മറച്ചു പിടിക്കുന്നതിലൂടെയും സർക്കാരിനെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച്‌ വഞ്ചിച്ച്‌` ഇതിലെ ഒരുകൂട്ടം ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും സ്വകാര്യ നേട്ടങ്ങളുണ്ടാക്കുന്നുവെന്നത്‌ ഒരു സത്യമാണ്‌.

ഗവൺമെന്റ്‌ സെക്രട്ടറിയേറ്റ്‌ സ്റ്റാഫ്‌ സഹകരണ സംഘം നം.2620 ഈ വർഷം വിൽപ്പനയ്ക്ക്‌ എത്തിച്ചിട്ടുള്ള സ്കൂൾ നോട്ടുബുക്കിന്റെ പുറം ചട്ടയിൽ കേരള സംസ്ഥാന മലിനീകരണ നിയന്തണ ബോർഡിന്റേതായി (KSPCB) വന്ന പരസ്യമാണ്‌ ഈ ലേഖനത്തിനാധാരം.
പ്ലാസ്റ്റിക്‌ സഞ്ചികളും കുപ്പികളും കത്തിക്കുന്നത്‌ ആപത്‌ക്കരമല്ല, ആവശ്യമാണ്‌ എന്ന തലക്കെട്ടിലുള്ള ഫുൾ പേജ്‌ പരസ്യത്തിൽ പ്ലാസ്റ്റിക്‌ സഞ്ചികളും പ്ലാസ്റ്റിക്‌ കുപ്പികളും കത്തിച്ചാൽ കർബൺ ഡൈ ഓക്‌സൈഡും വെള്ളവും മാത്രമേ ഉണ്ടാകുകയുള്ളു എന്നു പ്രസ്താവിച്ചിരിക്കുന്നു. പുനരുപയോഗം ചെയ്യാൻ കഴിയാത്ത പ്ലാസ്റ്റിക്കുകളെ കത്തിക്കുക എന്നും പരസ്യത്തിൽ പറയുന്നു. (അടിസ്ഥാന രസതന്ത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളത്‌ നിറമില്ലാത്ത, മണമില്ലാത്ത ഒരു വാതകമാണ്‌ കാർബൺ ഡൈ ഓക്‌സൈഡ്‌ എന്നാണ്‌. ജലത്തിന്‌ മണമോ നിറമോ ഇല്ല. അപ്പോൾ പ്ലാസ്റ്റിക്‌ പെറ്റ്‌ ബോട്ടിലുകളോ, ക്യാരി ബാഗുകളോ കത്തിക്കുമ്പോഴുണ്ടാകുന്ന പുകയ്ക്ക്‌ നിറവും മണവും കൊടുക്കുന്നതാരാണെന്ന അടിസ്ഥാന ചോദ്യം ബാക്കി)

ക്ലോറിൻ കലർന്ന പ്ലാസ്റ്റിക്കുകൾ അശാസ്ത്രീയമായി കത്തിക്കുമ്പോഴാണ്‌ ഡയോക്‌സിനുകൾ ഉണ്ടാകുന്നതെന്ന പ്രസ്താവം ക്ലോറിനേറ്റഡ്‌ പ്ലാസ്റ്റിക്കുകളെ ശാസ്ത്രീയമായി കത്തിക്കാമെന്ന്‌ ധ്വനിപ്പിക്കുന്നു. ഏതൊരു പ്ലാസ്റ്റിക്‌ ഉത്‌പന്നത്തിലും താലേറ്റുകൾ, പ്ലാസ്റ്റിസൈസറുകൾ, ഘനലോഹങ്ങൾ, ഫില്ലറുകൾ, ആന്റി ഓക്‌സിഡന്റുകൾ, ആന്റി സ്റ്റാറ്റിക്‌ ഏജന്റുകൾ തുടങ്ങി നിരവധി രാസ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങളെ ചൂടാക്കുകയോ കത്തിക്കുകയോ ചെയ്യുമ്പോൾ അവ അന്തരീക്ഷത്തിലേക്ക്‌ മാരക വിഷ വാതകങ്ങൾ പുറം തള്ളുകയും ചെയ്യുമെന്ന്‌ ശാസ്ത്രലോകം നേരത്തെ അംഗീകരിച്ചിട്ടുള്ളതാണ്‌. പ്ലാസ്റ്റിക്‌ കത്തുമ്പോഴുണ്ടാകുന്ന ഗന്ധവും പുകയും അനുഭവിച്ചിട്ടുള്ള സാമാന്യ ബുദ്ധിയുള്ളവരാരും തന്നെ അത്‌ അപകടമല്ലെന്ന്‌ പറയുകയില്ല.

പ്ലാസ്റ്റിക്‌ വരുത്തിവെക്കുന്ന വിപത്തുകളെക്കുറിച്ചും പ്ലാസ്റ്റിക്‌ കത്തിക്കുന്നതുമൂലമുണ്ടാകുന്ന പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നിരവധി പഠനങ്ങളും ഇന്ന്‌ ലോകത്ത്‌ ലഭ്യമാണ്‌. ഭൂമിയിലെ ജീവനുതന്നെ ഭീഷണി ഉയർത്തുന്ന രാസമാലിന്യങ്ങളിൽ ഏറ്റവും മാരകങ്ങളായ 12 സ്ഥാവര കാർബണിക രാസമാലിന്യങ്ങളെ [POP (Persistent Organic Pollutants)] ഭൂമുഖത്തുനിന്നും ഉന്മൂലനം ചെയ്യാനുള്ള അന്താരാഷ്ട്ര ഉടമ്പടിയായ സ്റ്റോക്ക്‌ഹോം ട്രീറ്റി (മേയ്‌ 2001) യിൽ മറ്റുരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഒപ്പുവെച്ചിട്ടുണ്ട്‌. ഈ കരാർ പ്രകാരം ഈ വക രാസ മാലിന്യങ്ങളുടെ ഉന്മൂലനത്തിനുവേണ്ട നടപടികളും പരിപാടികളും സമയബന്ധിതമായി ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കാൻ ഭാരത സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. ഈ 12 രാസ മാലിന്യങ്ങളിലെ ഏറ്റവും മാരകമായ ഡയോക്‌സിനുകളുടെ ഏറ്റവും വലിയ ഉറവിടം ഖരമാലിന്യങ്ങളുടെ ജ്വലനമാണ്‌. അത്‌ ഇൻസിനറേറ്റർ ഉപയോഗിച്ചാലും അല്ലാതെ തുറസായ സ്ഥലങ്ങളിൽ ചവർ കത്തിച്ചാലും അന്തരീക്ഷത്തിലേക്കെത്തുന്നു. മാലിന്യക്കൂമ്പാരങ്ങളിലെ പ്ലാസ്റ്റിക്കുകളുടെ പ്രത്യേകിച്ച്‌ പി.വി.സി പോലുള്ള ക്ലോറിനേറ്റഡ്‌ പ്ലാസ്റ്റിക്കുകളുടെ ജ്വലനം വൻതോതിൽ ഡയോക്സിനുകൾ ഉണ്ടാക്കുന്നതിന്‌ കാരണമാകുന്നു. (നമ്മുടെ പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങളിൽ എന്തുതരം പ്ലാസ്റ്റിക്കുകൾ കൊണ്ടാണ്‌ അവ നിർമിച്ചിരിക്കുന്നതെന്ന്‌ തിരിച്ചറിയാനോ ഏതൊക്കെയാണ്‌ പി.വി.സി അഥവാ ക്ലോറിനേറ്റഡ്‌ പ്ലാസ്റ്റിക്കുകളെന്ന്‌ തിരിച്ചറിയുവാനോ ഉള്ള യാതൊരുവിധ അടയാളങ്ങളോ സംവിധാനങ്ങളോ ഇല്ലെന്നു മാത്രമല്ല പി.വി.സി പ്ലാസ്റ്റിക്‌ മാലിന്യങ്ങളെ സുരക്ഷിതമായി നിർമാർജനം ചെയ്യുവഅനുള്ള സാങ്കേതിക വിദ്യയും നിലവിലില്ല. ഇന്ത്യയിൽ മറ്റു രാജ്യങ്ങളിലുള്ളതുപോലെ പ്ലാസ്റ്റിക്‌ ലേബലിംഗ്‌ നിർബന്ധമാക്കാനുമുള്ള നിയമങ്ങളുമില്ല.) ലോകത്ത്‌ പുറന്തള്ളപ്പെടുന്ന ഡയോക്സിനുകളുടെ 60 ശതമാനവും നഗരമാലിന്യ ഇൻസുലേറ്ററുകളിൽ നിന്നാണെന്ന്‌ പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോഴോ ചൂടാക്കുമ്പോഴോ ഡയോക്സിനുകൾക്കു പുറമേ നിരവധി മാരക വിഷവാതകങ്ങളും പദാർഥങ്ങളും ചാരവും ഉണ്ടാകുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ നഗരമാലിന്യങ്ങളുടെ ഇൻസിനറേഷനെതിരെ ലോകവ്യാപകമായി വമ്പിച്ച പ്രതിഷേധ സമരങ്ങൾ നടക്കുന്നുണ്ട്‌. ലോകമെങ്ങും ഗവണ്മെന്റുകൾ മാലിന്യങ്ങളെ കത്തിക്കുന്നത്‌ നിരുത്‌സാഹപ്പെടുത്താനുള്ള നയങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരികയും ചെയ്യുന്ന ഈയൊരവസരത്തിൽ 2000-ത്തിൽ ഭാരത സർക്കാർ രൂപം കൊടുത്ത ഖരമാലിന്യ നിർമാർജനത്തിനുള്ള നിയമവും മലിന്യങ്ങളുടെ പ്രത്യേകിച്ച്‌ പ്ലാസ്റ്റിക്കുകളുടെ ജ്വലനത്തെ നിരുത്സാഹപ്പെടുത്തുന്നുണ്ട്‌. ഈ നിയമത്തെ പിന്തുടർന്ന്‌ കേരള സ്‌അർക്കാർ രൂപം കൊടുത്ത ക്ലീൻ കേരള മിഷൻ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ മാലിന്യങ്ങളുടെ ഇൻസിനറേഷൻ നിരുത്സാഹപ്പെടുത്തുകയും പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ഒഴിവാക്കുന്നതിനായി പകരം വെക്കാവുന്ന ഉത്‌പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്‌ സംസ്ഥാനത്ത്‌ നിരവധി തൊഴിലവസരങ്ങൾക്കും സംരംഭങ്ങൾക്കും വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്‌.

പെട്രോളിയം വ്യവസായത്തിന്റെ പിൻബലവും ഗവണ്മെന്റിന്റെ ഭീമമായ സാമ്പത്തികാനുകൂല്യങ്ങളും പറ്റുന്ന പ്ലാസ്റ്റിക്‌ വ്യവസായങ്ങളൊക്കെ നേരിടുന്ന പ്രധാന പ്രശ്നം പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ സുരക്ഷിതമായ നിർമാർജനമാണ്‌. ലോകത്തെങ്ങും ഇതുവരെയും പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ സുരക്ഷിതമായ നിർമാർജന രീതി നിലവിലില്ലെന്നത്‌ ഒരു യാഥാർത്ഥ്യമാണ്‌. ലോകമെമ്പാടും മാലിന്യ നിർമാർജനപ്രവർത്തനങ്ങളെ മുഴുവൻ തടസ്സപ്പെടുത്തുകയും അസാധ്യമാക്കുകയും ചെയ്യുന്ന ഒരു സുപ്രധാന ഘടകം പ്ലാസ്റ്റിക്കുകളാണെന്നത്‌ ഒരു വാസ്തവമാണ്‌. അതിനെ മറികടക്കാനുള്ള ഒരു മാർഗമാണ്‌ ഇക്കൂട്ടർ ഇൻസിനറേഷൻ ഒരു പോംവഴിയാണെന്ന്‌ പ്രചരിപ്പിക്കുന്നതും പ്ലാസ്റ്റിക്‌ ഉപഭോഗത്തെ പ്രോത്‌സാഹിപ്പിക്കുന്നതും.
ഒരു വശത്ത്‌ ദുർലഭമായ പെട്രോളിയത്തിന്റെ ദൂർത്തിനും മറുവശത്ത്‌ സാമ്പത്തിക-ആരോഗ്യ-പാരിസ്ഥിതിക നാശത്തിനും പ്ലാസ്റ്റിക്‌ ഇടയാക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ്‌ ലോകമെങ്ങും പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങൾക്കെതിരായ ചെറുത്തുനിൽപ്പുകളുണ്ടാകുന്നതും പലേ ഗവണ്മെന്റുകളും ശക്തമായ നയങ്ങളിലൂടെ പ്ലാസ്റ്റിക്‌ ഉപഭോഗം കുറക്കാനായി ശ്രമിക്കുന്നതും.
പ്ലാസ്റ്റിക്‌ വ്യവസായം ഉയർത്തുന്ന രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ശാസ്ത്രീയ പഠനങ്ങളും ഇന്ന്‌ ലഭ്യമാണ്‌. കൂടാതെ പ്ലാസ്റ്റിക്കിനും ഇൻസിനറേഷനുമെതിരായി ലോകത്തു നടക്കുന്ന പരിശ്രമങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ലഭ്യമാണ്‌. താര്യമുള്ളവർക്ക്‌ തണലിൽ നിന്നും പല പഠനങ്ങളുടെ റിപ്പോർട്ടുകളും ലഭ്യമാക്കാവുന്നതാണ്‌.
പരിസ്ഥിതി സംരക്ഷണത്തിലൂടെ പൊതുജനാരോഗ്യവും പൊതുജന താത്‌പര്യങ്ങളും സംരക്ഷിക്കുവാൻ നിയുക്തമായ, ശാസ്ത്രജ്ഞർ ഉദ്യോഗസ്ഥരുമായിട്ടുള്ള ഒരു സർക്കാർ സ്ഥാപനം ശാസ്ത്രസത്യങ്ങളെ വളച്ചൊടിച്ച്‌ പൊതുജനങ്ങളെ, പ്രത്യേകിച്ച്‌ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഇത്തരമൊരു പരസ്യം നൽകിയത്‌ ആരുടെ താത്‌പര്യം സംരക്ഷിക്കാനാണ്‌? ആർക്കുവേണ്ടിയാണ്‌ ജനങ്ങളുടെ നികുതിപണം കൊണ്ട്‌ ഈ ശാത്രജ്ഞരേയും ഉദ്യോഗസ്ഥരേയും നാം തീറ്റിപോറ്റുന്നത്‌?
ഇക്കഴിഞ്ഞ കുറേവർഷങ്ങളായി സംസ്ഥാനത്തെ വളരെ ഗൌരവമുള്ള എല്ലാ പരിസ്ഥിതി പ്രശ്നങ്ങളിലും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്‌ ഇത്തരത്തിലുള്ള അലക്ഷ്യമായ സമീപനങ്ങളാണ്‌ കൈക്കൊണ്ടിട്ടുള്ളത്‌. കുറ്റകരമായ അനാസ്ഥയും അലംഭാവവും പുലർത്തുന്ന കാലഹരണപ്പെട്ട ഈ സംവിധാനത്തെ പിരിച്ചുവിടുന്നതാണ്‌ ഉത്തമം.
ഇത്തരം പ്രവണതകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവ്‌അരെ ശിക്ഷിക്കുന്നതിനും നിലയ്ക്ക്‌ നിറുത്തുന്നതിനും അതുവഴി ഞങ്ങൾ ജനപ്രതിനിധികളിലും സഹപ്രവർത്തകരിലും അർപ്പിച്ച വിസാസം സംരക്ഷിക്കുന്നതിനും വേണ്ട നടപടികളെടുക്കണമെന്നും ഉള്ള വിനീതമായ ഒരു അഭ്യർത്ഥനകൂടിയാണിത്‌.
 

Advertisements

പെർമാലിങ്ക് 2അഭിപ്രായങ്ങള്‍